സ്വപ്നത്തകർച്ചയും അർബുദവും

[ Full Text - Source: July 2013 issue]

        സൃഷ്ടികൾ രണ്ടുണ്ട്‌- മണ്ണ്‌ പ്രപഞ്ച സൃഷ്ടിയാണെങ്കിൽ മണ്ണുകൊണ്ട്‌ കലമുണ്ടാക്കുന്നത്‌ ജീവസൃഷ്ടിയാണ്‌.

മകൻ എങ്ങനെ വളരണമെന്ന്‌ അച്ഛനും അമ്മയും ഇച്ഛിക്കുക; തന്റെ പാരമ്പര്യത്തിൽ ഡോക്ടർന്മാരേയുള്ളൂവെന്നിരിക്കെ, മകൻ എഞ്ചിനീയറായാൽ യാതെരു ഫലവുമില്ലെന്ന്‌ വിശ്വസിക്കുമ്പോൾ, മകനെ ഡോക്ടറാക്കാൻ മാതാപിതാക്കൾ നിർബ്ബന്ധിക്കും. ഇങ്ങനെ മകന്റെ ഭാവിയെക്കുറിച്ച്‌ അമ്മ വേറൊരുവഴിക്കും അച്ഛൻ വേറൊരുവഴിക്കും സമൂഹം വേറൊരുവഴിക്കും ആലോചിക്കുകയും അതിനുവേണ്ടി നിർബ്ബന്ധിക്കുകയും ചെയ്യുക. അപ്പോൾ മകൻ, താൻ ഏതൊരു കർമ്മവിപാകത്തിനും ഏതൊരു കർമ്മസഞ്ചയത്തിനും ഏതൊരു ജീവിതത്തിനുംവേണ്ടി ജനിച്ചുവോ, അതൊക്കെയും വ്യർത്ഥമായെന്നൊരു  നിരാശാബോധത്തിലേക്ക്‌ പരിണമിക്കും; അതിന്റെ സങ്കല്പങ്ങളുടെ ലോകത്തുനിന്ന്‌ തന്റെ ശരീരത്തെ സ്വപ്നങ്ങളോടുകൂടി മോചിപ്പിക്കുവാൻ അവന്റെ അബോധം ഇച്ഛിക്കും- ഇങ്ങനെ അവനിലെ ഒരു പൂർവ്വജൻ അവന്റെ ജീവിതവ്യാപാരത്തിലേക്ക്‌ കൈകടത്തുമ്പോൾ കോശകോശാന്തരവ്യാപാരം മാറിമറിയുകയും; സൈറ്റോളിസിസ്‌ അതിന്റെ പൂർണ്ണതയിലെത്തുകയും; അവൻ തന്റെ കോശങ്ങളെ ഉപേക്ഷിച്ച്‌ ഇവിടെനിന്നും മോചനംനേടാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, അതിനുള്ളൊരു രക്ഷകന്റെ വേഷമാണ്‌ അവനിലെ അർബുദം.

മകൻ പഠിച്ചുകൊണ്ടിരിക്കുന്നത്‌ പന്ത്രണ്ടാം ക്ളാസ്സിലാണ്‌; കഠിനമായി പഠിച്ചാലേ ജയിക്കൂ; ട്യൂഷനില്ലാതെ രക്ഷപ്പെടുകയുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ്‌ അവൻ രാവിലെ വളരെ വൈകി ഉറക്കമുണർന്നുവരുന്നത്‌; ട്യൂഷനുപോകാനാണെങ്കിൽ സമയവുമായി. അപ്പോൾ അമ്മ അവനെ മലമൂത്രവിസർജ്ജനത്തിനുപോലും അനുവദിക്കാതെ, എല്ലാം വൈകുന്നേരം വന്നിട്ടുമതിയെന്നുപറഞ്ഞ്‌ യാത്രയാക്കും. അപ്പോൾ അവന്റെ മസ്തിഷ്കം തീരുമാനിക്കും, ഗുദം ഇവന്‌ ഒരാവശ്യവുമില്ലെന്ന്‌; മലമൂത്രവിസർജ്ജനം ഇവിടെ ആവശ്യമില്ലാത്ത കാര്യമാണെന്ന്‌- ഇവിടെ ഇക്കാര്യം അവന്റെ മസ്തിഷ്കത്തോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌ മറ്റാരുമല്ല, അവനെ പ്രസവിച്ച അവന്റെ അമ്മയാണ്‌. അതിന്റെ വിശ്വാസിയതയിൽ അവന്റെ കോശങ്ങളിൽ ആ മാറ്റമുണ്ടാകും; ഇനിമുതൽ മലമൂത്രവിസർജ്ജനം രാവിലെ വേണ്ട, വൈകുന്നേരം മതിയെന്ന്‌ മസ്തിഷ്കം തീരുമാനിക്കും; അതുവരെ കെട്ടിനിൽക്കുന്ന മാലിന്യം പതുക്കെ ശരീരത്തിലേക്ക്‌ വ്യാപിക്കാൻ തുടങ്ങുകയും ചെയ്യും. മകന്റെ ആ സ്ഥിതിയിൽ കാരണക്കാരിയായി വർത്തിച്ചിരിക്കുന്നത്‌ ഇവിടെ അവന്റെ അമ്മയാണ്‌. ഇതിനിടെ നിന്റെ അമ്മയെങ്ങനെയുണ്ടെന്ന്‌ ആരെങ്കിലും അവനോടുചോദിച്ചാൽ, ഞാനെന്റെ അമ്മയെക്കൊണ്ട്‌ തോറ്റുവെന്നേ അവൻ പറയൂ; അപ്പോൾ അതും അവന്റെ മസ്തിഷ്കം കേൾക്കും; അതുതന്നെ അവന്റെ ന്യൂറോണുകളിലും സിനാപ്സുകളിലും രേഖപ്പെടുത്തും; അതിന്റെ പരിണാമം അവനിലും, അവനും അവന്റെ അമ്മയുംതമ്മിലുള്ള പാരസ്പര്യത്തിലും ഉണ്ടാക്കും- ഇതൊക്കെയും വിദ്യാസമ്പന്നയായൊരു അമ്മയുടെ പദ്ധതിയാണെന്ന്‌ ഓർക്കുക. ഒരു മുപ്പതുകൊല്ലം മുമ്പുള്ള ഒരമ്മ മകനോട്‌ ഇങ്ങനെയായിരുന്നില്ല ആവശ്യപ്പെട്ടിരുന്നത്‌- താല്പര്യംകൊണ്ട്‌ മകൻ നേരത്തെ സ്ക്കൂളിലേക്ക്‌ ഓടിപ്പോകാൻ ശ്രമിച്ചാൽതന്നെ, അമ്മ അവനെ വിടില്ല, കക്കൂസ്സിൽപോയിവന്ന്‌; പല്ലുതേച്ച്‌; കുളിച്ച്‌; ഉള്ള ആഹാരം കഴിപ്പിച്ചുമാത്രമേ അമ്മ മകനെ പുറത്തേയ്ക്ക്‌ പറഞ്ഞുവിടുകയുള്ളു- എന്നിട്ടുമതി, പഠിപ്പൊക്കെയെന്ന്‌ അവർ സദാ ഓർമ്മിപ്പിക്കും. പഴയ അമ്മ വിവരമില്ലാത്ത അമ്മയാണെന്നും പുതിയ അമ്മ വിവരവും വിദ്യാഭ്യാസവുമുള്ള അമ്മയാണെന്നും നാം പറയുകയും ചെയ്യും; അത്‌ വെറും അമ്മയാണെങ്കിൽ, ഇത്‌ `മമ്മി`യുമാണ്‌.

മക്കൾക്ക്‌ മാതാപിതാക്കൾ നൽകുന്ന സന്ദേശങ്ങൾ പ്രധാനമാണ്‌; കോശാന്തരവ്യാപാരങ്ങളിൽ ആ സന്ദേശങ്ങൾ നിർണ്ണായകങ്ങളാണ്‌. തന്റെ ജീവസൃഷ്ടിവൈചിത്ര്യത്തിൽപ്പെട്ട്‌, പ്രകൃതിയും അതിന്റെ ചുറ്റുപാടുകളും സമൂഹവും അതിന്റെ നിയമങ്ങളും അധികാരികളും അതിന്റെ നിയമജ്ഞരും അംഗീകരിക്കാതെവരുമ്പോൾ; സ്വച്ഛന്ദമായ തന്റെ ജീവിതവ്യാപാരം നടക്കില്ലെന്നറിയുമ്പോൾ; അവനെ രക്ഷിക്കാൻ അവന്റെ പാരമ്പര്യജനിതകങ്ങളിലൊന്നിലെ അവന്റെയൊരു മുത്തശ്ശൻ കൈകടത്തുമ്പോൾ കോശവിഭജനത്തിലൂടെ; സൈറ്റോളിസിസിന്റെ അനന്തസാദ്ധ്യതകളിലൂടെ സെനസെൻസിലേക്ക്‌; മൃത്യുവിലേക്ക്‌ അവനെ തയ്യാറെടുപ്പിക്കുന്നതാണ്‌ അവന്റെ അർബുദം- തന്റെ ജീവിതസാഹചര്യങ്ങളിൽനിന്ന്‌ രക്ഷിക്കുകയെന്ന സൂക്ഷ്മശരീരത്തിന്റെ വ്യാപാരത്തിൽനിന്നാണ്‌ തന്റെ അർബുദമെന്ന്‌; അപ്പോൾ അവനെ രക്ഷിക്കാൻ, ഒരു വൈദ്യശാസ്ത്രത്തിനും മറ്റുള്ളവയ്ക്കൊന്നും സാധിക്കില്ലെന്ന്‌. അപ്പോൾ ഇവിടെ, അവന്റെ ജനിതകങ്ങളിൽ ഉറങ്ങിക്കിടന്നിരുന്ന ആ മുത്തശ്ശനെ ഉണർത്തിയതാണ്‌ അർബുദത്തിന്‌ കാരണമായിവന്നിരിക്കുന്നത്‌; ഒരു ആപൽസന്ധിയിൽനിന്ന്‌ രക്ഷകനായിവന്നാണ്‌ അവനെ രക്ഷപ്പെടുത്തിയിരിക്കുന്നത്‌; ഒരു ആത്മഹത്യയേക്കാൾ സുഖകരമായ ഒരു മൃത്യുവാണ്‌ അവനിവിടെ ലഭിച്ചിരിക്കുന്നത്‌; അതിനായി അവന്റെ കോശവിഭജനപ്രക്രിയയെ ത്വരിതപ്പെടുത്തുകയാണ്‌ ചെയ്തിരിക്കുന്നത്‌. ഇത്തരം കോശവിഭജനപ്രക്രിയകൾക്ക്‌ ആക്കംക്കൂട്ടുന്ന സാഹചര്യങ്ങളാണ്‌ ഇന്ന്‌ അവനുചുറ്റുമുള്ളത്‌.

ഇന്ന്‌ മുപ്പതുവയസ്സുള്ളവർക്ക്‌ അറുപതുവയസ്സിന്റെ കോശവളർച്ചയുണ്ടാക്കുന്ന ജീവിതസാഹചര്യമാണുള്ളത്‌. മുമ്പ്‌ ഇങ്ങനെയായിരുന്നില്ല സ്ഥിതി. പാശ്ചാത്യജീവിതമാതൃകകൾ തുടർന്നുവരുന്ന മാതാപിതാക്കൾക്ക്‌ ജനിക്കുന്ന ഇന്നത്തെ മുപ്പതുകാരൻ പാർക്കിൻസോണിസത്തെ സ്വീകരിക്കപ്പെടാൻ നിർബ്ബന്ധിക്കപ്പെടുകയാണ്‌- തലവിറയ്ക്കലും കൈകൾവിറയ്ക്കലും ഇന്ന്‌ നേരത്തേ വന്നുകൂടുകയാണ്‌; പാർക്കിൻസോണിസം ചെറുപ്രായത്തിൽ വന്നുചേരേണ്ടുന്ന രോഗമല്ല. ഇങ്ങനെ ചെറുപ്രായത്തിൽ വന്നുചേരേണ്ടുന്ന രോഗമല്ല, കൊറിയയും വെൽസ്ഡിസീസുമൊക്കെ. ഇത്തരം രോഗങ്ങളെല്ലാം ഇന്ന്‌ മുപ്പതുവയസ്സിനുമു മ്പുണ്ടാകുകയാണ്‌- അകാലവാർദ്ധക്യത്തിൽവരുന്ന ഇത്തരം രോഗങ്ങളുടെ ഏഴയലത്തുപോലും ഒരു മരുന്നിനുമെത്താനുമാവില്ല; കോശങ്ങളെ പരിണമിപ്പിക്കാനൊന്നും മരുന്നുകൾക്ക്‌ കഴിയാത്ത സ്ഥിതി; ഒരു ടാബ്ളറ്റിൽതുടങ്ങി, മുപ്പത്‌ ടാബ്ളറ്റിലെത്തിയിട്ടും കൈവിറയലും തലവിറയലുമൊന്നും നിൽക്കാത്ത സ്ഥിതി; ഇതാണ്‌ വൈദ്യശാസ്ത്രം ഇന്നുനേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി- അതുകൊണ്ട്‌ ആ സൈറ്റോളിസിസിനെ ശ്രദ്ധിച്ചുപഠിച്ചാൽ, അർബുദത്തെമാത്രമല്ല കൂട്ടത്തിൽ അകാലവാർദ്ധക്യത്തിൽ വന്നുപെടുന്ന മറ്റുരോഗങ്ങളെയും പഠിക്കാം.

ആതുരസംസ്കൃതിയുടെ ആഴങ്ങളിലേക്ക്‌ സമൂഹവും വ്യക്തിയും പതിക്കുമ്പോൾ; സംസ്കൃതിജന്യമായ ആ രോഗങ്ങൾക്ക്‌ ആധുനിക വൈദ്യവിദ്യാഭ്യാസം പരിഹാരവുമായിയെത്തുന്നില്ല. അപ്പോഴാണ്‌ പാരമ്പര്യജന്യമായ ആ പൂർവ്വജന്റെ കടന്നുവരവുണ്ടാകുന്നത്‌. കാരണം പൂർവ്വജൻ എല്ലാവരിലും ഉറങ്ങിക്കിടപ്പുണ്ട്‌. അവനെ മറന്നുകൊണ്ടാണ്‌ മകൻ ജീവിക്കുന്നത്‌- അവൻ രാത്രിയിൽ ഉറക്കമിളച്ച്‌ കമ്പ്യൂട്ടറിൽ ജോലിചെയ്യുകയാണ്‌. കമ്പ്യൂട്ടർ അമേരിക്കക്കാരന്റെ ബുദ്ധിയാണ്‌. അവനവിടെ അത്‌ പ്രവർത്തിപ്പിക്കുന്നത്‌ പകലിലാണ്‌; അവിടുത്തെ പകൽ ഇവിടെ രാത്രിയാണ്‌; അതുകൊണ്ട്‌ ഇവിടെ രാത്രിയിലാണ്‌ കമ്പ്യൂട്ടറിൽ പണിയെടുക്കാൻ ഉത്സാഹംകിട്ടുന്നത്‌. അപ്പോൾ ഇവിടെ രാത്രി ഉണർന്നു പ്രവൃത്തിചെയ്യുന്നവന്റെകൂടെ, അവന്റെ പൂർവ്വജൻകൂടി ഉണർന്നിരിപ്പുണ്ടെന്നകാര്യം ആരും മറക്കരുത്‌. അതുകൊണ്ടാണ്‌ അമേരിക്കയിൽ മുപ്പതുവയസ്സിനുതാഴെ വന്നുപെടുന്ന രോഗങ്ങളൊക്കെ ഇങ്ങോട്ടുമെത്തുന്നത്‌- ഇതറിയണമെങ്കിൽ ഐ.ടി മേഖലയിൽ പ്രത്യേകിച്ചും ബാംഗ്ളൂരിലുമൊക്കെ, ജോലിയില്ലേങ്കിൽപോലും രാത്രിയിൽ ഉറക്കംകിട്ടാത്തവരാണ്‌ യുവാക്കളിലേറെയും; ഇവർ രാത്രികാലങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്‌- ഫ്രീക്കുകളാണ്‌ ഇവരിൽ അധികവും. രാത്രി ഒരു മണിക്കൊക്കെയാണ്‌ ഇവർ പൊറോട്ടയും ബോട്ടിയുമൊക്കെ അടിച്ചുകയറ്റുന്നത്‌. അങ്ങനെ ഇവർ മൂങ്ങകളെപോലെ ഭൗമജീവികളായി മാറിയിരിക്കുകയാണ്‌- മനുഷ്യൻ സൗരജീവിയാണെന്ന്‌ മറന്നതുപോലെയാണ്‌. ഇവരുടെ ജീവിതമാകെ സംഘർഷമയമാണ്‌; ആ മേഖലയിൽ വിവാഹമോചനം നിത്യസംഭവമായി മാറിയിരിക്കുന്നു; അങ്ങനെ പൂർണ്ണമായും അമേരിക്കനായി പരിണമിച്ചിരിക്കുന്നു; അവരുടെ ജനിതകകോശങ്ങൾ ആ തരത്തിൽ പരിണമിച്ചുകഴിഞ്ഞിരിക്കുന്നു- ഇന്ന്‌ അവന്റെ ദേശബോധം മാറിമറിഞ്ഞുകഴിഞ്ഞു; മാതൃസ്വപ്നദേശം ഇന്ത്യയല്ലാതായി; സ്വന്തം മാതാപിതാക്കൾ അവനു പഥ്യരല്ലാതായി. അപ്പോൾ അവനിലെ പൂർവ്വജൻ ഉണരുകയും അവരെ മോചിപ്പിക്കാൻ ഇച്ഛിക്കുകയും ചെയ്യുന്നതല്ലേ. അവരിലെ അർബുദരോഗം?

സ്നേഹം രണ്ടുണ്ട്‌- ഒന്നാമത്തെ സ്നേഹമാണ്‌ തന്നിലെ പൂർവ്വജന്‌ തന്നോടുള്ള സ്നേഹം. സ്നേഹം, ത്യാഗം, കൃപ, വാത്സല്യം എന്നിവയെല്ലാം അതാതിന്റെ നൈസർഗ്ഗിക സ്വഭാവങ്ങളിൽനിന്നുമാറി, കച്ചവടസ്വഭാവം കൈവരിക്കുമ്പോൾ പൂർവ്വജനും അതിനോട്‌ പ്രതികരിക്കുക സ്വാഭാവികം. കച്ചവടസ്വഭാവം കൈവരിച്ച ശീലങ്ങൾ മസ്തിഷ്കത്തിൽ രേഖപ്പെടുത്തുമ്പോൾ, തനിക്കുലഭിക്കുന്ന യഥാർത്ഥമായ സ്നേഹത്തെയും വാത്സല്യത്തേയുമൊക്കെ അതാതിന്റെ തലങ്ങളിൽ മനസ്സിലാക്കാനാകാതെ പൂർവ്വജൻ പ്രതികരിക്കുന്നതാണ്‌ കോശവിഭജനത്തിലും കോശവർദ്ധനവിലും കലാശിക്കുന്നത്‌. അപ്പോഴാണ്‌, പതുക്കെപ്പതുക്കെ കടന്നുവരുന്ന ദുഃഖമുണ്ടാകുന്നത്‌- `മന്ദരുചം മഹാന്തം`. `ഏ കോ രോഗഃ രുചാകരണ സാമാന്യാത്‌`- പുനർവസു ആത്രേയൻ. ഓരോ കോശത്തിനും മസ്തിഷ്കമുണ്ട്‌; അത്‌ ഓരോന്നും തിരിച്ചറിയുകയും ചെയ്യും. തീ തൊട്ടാൽ വിരൽ പൊള്ളുമെന്നറിയുന്നത്‌ വിരലിന്റെ മസ്തിഷ്കംകൊണ്ടാണ്‌; അല്ലാതെ കണ്ണുകൊണ്ടല്ല തീയെ അറിയുന്നത്‌; ത്വക്കിലൂടെയാണ്‌ അറിയുന്നത്‌; ത്വക്കിലപ്പോൾ മസ്തിഷ്കം പ്രവർത്തിക്കുകയാണ്‌. ഈയൊരു അറിവ്‌ ഇന്നില്ല. പണ്ട്‌ ഇത്തരം പഠനങ്ങളൊക്കെ സമഗ്രമായി നടന്നിരുന്നു. അതിന്റെ വെളിച്ചത്തിലാണ്‌ ഒരാൾക്ക്‌ ഒരേസമയം ഒട്ടേറെ കർമ്മങ്ങൾ ചെയ്യാനാകുമെന്ന്‌ അവർ പറഞ്ഞത്‌- ഒരമ്മയ്ക്ക്‌ ഒരേസമയം, കുഞ്ഞിന്‌ മുലയൂട്ടാനും അടുപ്പിൽ പാൽ തിളപ്പിയ്ക്കുവാനും കറിയ്ക്കുവേണ്ടുന്നത്‌ അരിഞ്ഞെടുക്കുവാനുമൊക്കെ കഴിഞ്ഞിരുന്നു. ഇന്നത്തെ വിദ്യാസമ്പന്നയായൊരു അമ്മയ്ക്ക്‌ ഇതിന്‌ കഴിയാതെവരുന്നത്‌, ഓരോ കോശത്തിനും; ഓരോ അവയവത്തിനും ഓരോ ബോധമുണ്ടെന്ന അറിവില്ലാത്തതുകൊണ്ടാണ്‌. അന്ന്‌ കുടുംബമെന്നത്‌ കൂട്ടുകുടുംബമായിരുന്നു; എത്രയോ അംഗങ്ങൾ; ദിവസവും മൂന്നുംനാലും അതിഥികളുണ്ടാകുമായിരുന്നു; വയലിലും പറമ്പിലുമൊക്കെയായി ജോലിചെയ്യുന്നവരും വളരെയുണ്ടാകും. എന്നിട്ടും, ഇത്രയുംപേർക്കുള്ള ആഹാരം പാകംചെയ്തിരുന്നത്‌ ഒന്നോരണ്ടോ സ്ത്രീകൾമാത്രമായിരുന്നു. ഇതിന്നിടയിൽ, നാലും അഞ്ചുംവരുന്ന മക്കളെ പരിചരിക്കുകയും ഭർത്താവിനെ നയിക്കുകയും കുടംബാംഗങ്ങളെയും അയൽക്കാരേയുമൊക്കെ പരിഗണിക്കുകയും ചെയ്തിരുന്നു. ആ കൊടുക്കവാങ്ങലുകളുടെയുമെല്ലാം അന്തരാളങ്ങളിലൂടെ ആ അമ്മമാർ ജീവിച്ചതെങ്ങനെയായിരുന്നു? അത്രയും കൃത്യമായ കണക്കുകൾ അവർ മസ്തിഷ്ക്കത്തിൽ സൂക്ഷിച്ചുവെച്ചിരുന്നു; അത്രയും ആരോഗ്യം അവർക്കുണ്ടായിരുന്നു; അകാലമായ വാർദ്ധക്യം അവരെ തൊട്ടുതീണ്ടിയിരുന്നില്ല എന്നൊക്കെയാണ്‌  ഉത്തരം. ഇന്നത്തെ വീട്ടുകാരി ചെറുപ്പത്തിൽതന്നെ വൃദ്ധകളായിമാറുകയാണ്‌. കാരണം ഇവർ ചെയ്യേണ്ടുന്ന ഉത്തരവാദിത്വകർമ്മങ്ങളെല്ലാം ഇവരുടെ ഭർത്താക്കന്മാരാണ്‌ ചെയ്യുന്നത്‌. അപ്പോൾ ഇന്നത്തെ ഭർത്താക്കന്മാർ, ഭാര്യമാരേക്കാൾ പ്രായംകുറഞ്ഞവരായി തോന്നുകയും ചെയ്യും- പണ്ടുകാലത്തൊക്കെ ഈ തോന്നൽ തിരിച്ചായിരുന്നു തോന്നിയിരുന്നത്‌. കാരണം ഇവിടെ വാർദ്ധ്യം നേരത്തെവന്നത്‌ കർമ്മരാശികളിൽനിന്നാണ്‌. കർമ്മത്തിന്റെ തീക്ഷ്ണതകൾമുഴുവൻ ഏറ്റെടുക്കുന്ന മസ്തിഷ്കം സുഖസന്ദായകമല്ലാത്തൊരു മാനസികപ്രകൃതിയുണ്ടാക്കും. അത്‌ `കണ്ഠഗോളക`ങ്ങളെയുംമറ്റും പരിണാമവിധേയമാക്കും- തൈറോയ്ഡ്‌ സ്റ്റിമുലേറ്റിംഗ്‌ ഹോർമോണുകൾ ഒന്നുകിൽ കുറയും അല്ലെങ്കിൽ കൂട്ടും. ഇത്‌ വളരെ നിർണ്ണായകമാണ്‌; അപ്പോൾ വാർദ്ധക്യം നേരത്തെ വരാൻതുടങ്ങും; ജീവിതവിരസത വളരെയേറെ വ്യാപിക്കും; അതിന്റെ കോപതാപാദികൾ വർദ്ധിക്കും- ഇതിനെ അന്തസ്യന്തികളുടെ പ്രവർത്തനമെന്നുപറയും. ഈ കാലഘട്ടത്തിലെ തൊണ്ണൂറുശതമാനം സ്ത്രീകളിലും മുപ്പതുവയസ്സുകഴിഞ്ഞാൽ അന്തസ്യന്തികളുടെ പ്രവർത്തനം നടക്കുന്നതായിക്കാണാം. ആ സമയം ഭർത്താവിനോടും മക്കളോടുമൊക്കെ എന്തിനുമേതിനും തട്ടിക്കയറും. ഈ സമയത്തെ അവരുടെ ഈ മാറ്റം അവരുടെ സ്വഭാവദൂഷ്യംകൊണ്ടല്ല, അന്തസ്യന്തികളുടെ പ്രവർത്തനംകൊണ്ടാണെന്ന്‌ ഭർത്താവും മക്കളും തിരിച്ചറിയണം. അങ്ങനെ തിരിച്ചറിഞ്ഞില്ലെങ്കിൽ, അവളുടെ ഇറങ്ങിപ്പോക്കിലും ആത്മഹത്യയിലുമൊക്കെ കലാശിക്കുകയുംചെയ്യും- പണ്ടൊക്കെ ഇതറിഞ്ഞുകൊണ്ടാണ്‌, കുടുംബവും പ്രസ്ഥാനവുമൊക്കെ മുന്നോട്ടുകൊണ്ടുപോയിരുന്നത്‌. അന്ന്‌ അതുകൊണ്ട്‌ ഇന്നത്തെപോലെ ഇത്രയും ആത്മഹത്യകളും കുടുംബത്തകർച്ചയും ഉണ്ടായിരുന്നില്ല. അപ്പോൾ ഇതൊക്കെ, അകാലവാർദ്ധക്യത്തിലേക്ക്‌ നയിക്കുന്നതിൽ വളരെ നിർണ്ണായക ഘടകങ്ങളാണ്‌; സൈറ്റോളിസിസ്സിലും ന്യൂറോണുകളിലും നിർണ്ണായക മാറ്റങ്ങളുണ്ടാക്കുന്ന ഘടകങ്ങളാണ്‌. ഇതൊന്നും മനസ്സിലാക്കാതെ, ആരെങ്കിലും കുറിച്ചുതരുന്ന മരുന്നുകൾ വിഴുങ്ങിയാലൊന്നും രോഗം മാറുകയില്ലെന്നെങ്കിലും മനസ്സിലാക്കണം. കോശവിഭജനത്തിനും കോശവർദ്ധനവിനും കാരണമായ ഘടകങ്ങളെ മനസ്സിലാക്കാൻ, ആദ്യം തന്റെ മനസ്സിനെ ഒന്നു നോക്കുകയെങ്കിലും ചെയ്യാൻ ശീലിക്കുക- അത്രയേയുള്ളൂ, ഈ കാൻസറിന്റെ കാര്യം പരിഹരിക്കാനുള്ള ആദ്യപടി.

സർവ്വവ്യാപകപ്രകൃതിയായ യശോശരീരത്തിന്‌ കേടുപാടുകൾപറ്റാതെ, ദൃഷ്ടനഷ്ടമായ ഈ സ്ഥൂലശരീരത്തെ വലിച്ചെറിയാനുള്ള ത്വര- അതും ഒരുവനെ എത്തിക്കുന്നത്‌, കോശവിശ്ളേഷണത്തിലേക്കാണ്‌; വാർദ്ധക്യത്തിലേക്കാണ്‌. യശോശരീരം- ഓരോരുത്തർക്കും ഒരു കീർത്തിശരീരമുണ്ട്‌. മനുഷ്യൻ ഏറ്റവും സൂക്ഷിക്കുന്ന ശരീരം, അവന്റെ കീർത്തിയുടെ ശരീരമാണ്‌. ഒരാളോട്‌ പണം കടം വാങ്ങിച്ചാൽ, അത്‌ തിരിച്ചുകൊടുക്കാൻ സാധിച്ചില്ലെങ്കിൽ അവനാഗ്രഹിക്കുന്നത്‌ പേരുദോഷംവരാതെ നോക്കാനാണ്‌. അതിനുവേണ്ടി അവൻ മരിക്കാൻപോലും തയ്യാറാകും. അങ്ങനെ മരിക്കാൻ ആഗ്രഹിക്കുന്ന പ്രാർത്ഥനയോടെയാകും, അവനൊരു വാഹനത്തിൽകയറി യാത്രചെയ്യുന്നത്‌. ചിലപ്പോൾ അവന്റെ പ്രാർത്ഥനപോലെ നടക്കും; ദൈവം അവന്റെ പ്രാർത്ഥന കേൾക്കും; ഈ വാഹനം മറ്റൊരു വാഹനവുമായി ഇടിക്കും. ചിലപ്പോൾ കൂടെയാത്രചെയ്യുന്നവരൊക്കെ മരിക്കുകയും ഇവൻമാത്രം മരിക്കാതെയങ്ങനെ കിടക്കുകയുംചെയ്യും- ഉത്തരായനവും കാത്തുള്ള ശരശയ്യയിലെ കിടപ്പുപോലെ. തന്റെ ജീവിതകാലംമഴുവൻ മറ്റുള്ളവർക്കുവേണ്ടി പ്രയത്നിച്ചു; ചെയ്യേണ്ടതെല്ലാം ചെയ്തിട്ടും അവിടെനിന്നെല്ലാം ലഭിച്ചത്‌, വെറുപ്പും വിദ്വേഷവുംമാത്രം. ഇതൊന്നും സഹിക്കാതെവരുമ്പോൾ, ഈ പാനപാത്രം എന്നിൽനിന്ന്‌ എടുത്തോളണമേയെന്ന്‌ പ്രാർത്ഥിക്കും. അത്തരമൊരുവേളയിലും ഈ കോശവിശ്ളേഷണംതന്നെയാണ്‌ നടക്കുന്നത്‌. സ്വേച്ഛയ്ക്ക്‌ പ്രസക്തിയില്ലാത്ത പൂർവ്വകർമ്മങ്ങളുടെ പിടിയിൽ, കോശങ്ങളുടെ പ്രവർത്തനം- ബീജഭാഗം; ബീജഭാഗാവയവം ഇവയുടെയെല്ലാം പ്രവർത്തനം- എല്ലാംചേർന്ന കോശവിശ്ളേഷണം ഒരുവനെ അകാലവാർദ്ധക്യത്തിലേക്കെത്തിക്കുമ്പോൾ, അർബുദം; കാൻസർ സംജാതമാകുന്നു. അപ്പോൾ അതിൽനിന്ന്‌ മോചനമുണ്ടാകുന്നത്‌, ഔഷധങ്ങളേക്കാൾ മനസ്സിന്റെ ഭാവതലങ്ങളിലെ മാറ്റംകൊണ്ടാണെന്ന്‌ മനസ്സിലാക്കണം.

Category(s): ആതുരവൃത്തം, ആയുര്‍വ്വേദം
Tags: , , ,

Leave a Reply

Your email address will not be published. Required fields are marked *

*

 

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>