കന്യാവരണം – പൂർവ്വരൂപങ്ങളുടെ ശാന്തി

[ Full Text - Source: July 2013 issue]

       ജീവസർഗ്ഗമെന്നു പറഞ്ഞാൽ, ഒരു സ്ത്രീയിൽ പുരുഷനും സ്ത്രീയുമുണ്ടെന്നു പറയുമ്പോൾ അത്‌ അനന്തകോടിയാണെന്ന്‌ മനസ്സിലാക്കണം. അതുപോലെ ഒരു പുരുഷനിലുള്ളത്‌ അനന്തകോടി സ്ത്രീയും പുരുഷനുമാണ്‌. ജീവസർഗ്ഗത്തെ കുറച്ചുകൂടി വ്യക്തമാക്കാൻ ഒരു കഥപറയാം; മുനി വസിഷ്ഠൻ ശ്രീരാമന്‌ പറഞ്ഞുകൊടുക്കുന്ന കഥയാണിത്‌. ജീവടൻ എന്നൊരു സന്യാസി. അദ്ദേഹം ഒരു യാത്രയിലായിരുന്നു. അതിനിടയിൽ എപ്പോഴോ, അദ്ദേഹത്തിന്‌ പെട്ടെന്നൊരു ബ്രാഹ്മണനാകാൻ തോന്നി; ഉടനെ ഒരു ബ്രാഹ്മണന്റെ സംസ്ക്കാരത്തോടെ അങ്ങനെയായി മാറുകയും ചെയ്തുവെന്നാണ്‌; നേരത്തെ സന്യാസിയായിരുന്ന ജീവടൻ അങ്ങനെ ബ്രാഹ്മണനായി; ആ സംസ്ക്കാരത്തോടെ അദ്ദേഹം രാത്രിയായപ്പോൾ ഉറങ്ങാൻ കിടന്നു. ഉറക്കിൽ സ്വപ്നം കാണാനിടയായപ്പോൾ അദ്ദേഹം ഒരു കുമാരിയായി മാറി. പിന്നെ, വണ്ടായി മാറി; വള്ളിയായി; ആനയായി. ഇങ്ങനെ അദ്ദേഹം ഓരോന്നോരോന്നായി ഉറക്കിലും ഉണർവ്വിലും പരിണമിക്കുന്നുവെന്നുപറയുമ്പോൾ, ഓരോരുത്തരും ഇതുപോലുള്ള എണ്ണമറ്റ സർഗ്ഗങ്ങളിലൂടെയാണ്‌ മനസ്സുകൊണ്ട്‌ അലയുന്നതെന്ന്‌ മനസ്സിലാക്കണം.

കാണുന്നതിലും കേൾക്കുന്നതിലും സ്പർശിക്കുന്നതിലും മണക്കുന്നതിലും രുചിക്കുന്നതിലുമൊക്കെ ഇങ്ങനെ മനസ്സ്‌ അലയുമ്പോൾ; അതായി നാം പരിണമിക്കുമ്പോൾ നമ്മുടെ ജീവസർഗ്ഗങ്ങളുടെ ആഴവും പരപ്പും നമുക്കുതന്നെ നിശ്ചയിക്കാൻ കഴിയാത്തവിധം അനന്തകോടിയാണെന്ന്‌ അറിയണം. ഓരോന്നായി ഇങ്ങനെ ഓരോരുത്തനും നിത്യനിരന്തരം പരിണമിച്ചുകൊണ്ടിരിക്കുകയാണ്‌. ആന്തരികമായി ഉണ്ടാകുന്നതാണ്‌ പ്രധാനമായും ഈ പരിണാമം. നേരത്തെ പരിചയമുള്ള ഒരുവനെ ചെന്നുകാണുമ്പോൾ, അന്ന്‌ കണ്ടതുപോലെയുള്ളവനല്ല ഇന്നുകാണുന്നതെന്ന്‌ തിരിച്ചറിയുന്നത്‌, അവന്റെ ഈ പരിണാമംകൊണ്ടാണ്‌- ഭാരതിയെന്ന സ്ത്രീയും ഗോപാലകൃഷ്ണനെന്ന പുരുഷനും തമ്മിൽ വിവാഹിതരായി; ഒന്നിച്ചുജീവിക്കാനും തുടങ്ങി. അവരുടെ ജീവിതത്തിൽ, അവർ കാണുകയും കേൾക്കുകയും ചെയ്യുന്നതിനോടെല്ലാം അവരിലെ ജീവസർഗ്ഗമുണർന്ന്‌ അതൊക്കെയായി പരിണമിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയയും നടക്കുന്നുണ്ട്‌. അതിനനുസരിച്ചാണ്‌, അവർ പരസ്പരം ആശയവിനിമയവും ജീവിതവുമൊക്കെ മുന്നോട്ടുകൊണ്ടുപോകാൻ വിധിയ്ക്കപ്പെടുന്നത്‌. അപ്പോൾ ഗോപാലകൃഷ്ണൻ സ്വപ്നത്തിൽ, അയാൾ രാമകൃഷ്ണനായി പരിണമിച്ചാൽ പിന്നെ ഗോപാലകൃഷ്ണന്റെ  പെരുമാറ്റത്തിൽ രാമകൃഷ്ണന്റെ സ്വാധീനമുണ്ടാകും. ആ സ്വാധീനം ഗോപാലകൃഷ്ണന്റെ തൊഴിലിലും ഭാര്യയോടൊത്തുള്ള ജീവിതത്തിലും നിഴലിക്കും. അപ്പോൾ ഭാര്യയ്ക്ക്‌ ഗോപാലകൃഷ്ണൻ അപരിചിതനെപോലെ തോന്നുകയും ചെയ്യും; അവൾക്ക്‌ അങ്ങനെ തോന്നിയാൽ; പിന്നീട്‌ രാമകൃഷ്ണനെതന്നെ കണ്ടുമുട്ടിയാൽ അവനോട്‌ പരിചിതത്വം തോന്നിയാൽ; അവളെ കുറ്റംപറയുന്നതെങ്ങനെയാണ്‌? ഇവിടെ ഭാരതിയെയോ, ഗോപാലകൃഷ്ണനെയോ, രാമകൃഷ്ണനെയോ കുറ്റം പറയാനാവില്ല- കാരണം അവരുടെ ജീവസർഗ്ഗം അങ്ങനെയാണ്‌. അനുനിമിഷം മാറിമാറിവരുന്ന സ്വപ്നങ്ങളിലൂടെയാണ്‌ സർഗ്ഗമുണർന്നുകൊണ്ടിരിക്കുന്നത്‌. ഇത്തരമൊരു പശ്ചാത്തലത്തിൽ, `വെർച്ച്വൽ വേൾഡി`ലേക്കുവരെ വികസിച്ചുകഴിഞ്ഞ ആധുനിക മനുഷ്യന്‌ എങ്ങനെയാണ്‌ തങ്ങളുടെ ഇണകളുമായി ജീവിച്ചുപോകാനാകുക? അവിടെയാണ്‌ വസിഷ്ഠൻ ശ്രീരാമനോട്‌ പറഞ്ഞത്‌ ശ്രദ്ധേയമാകുന്നത്‌. ജീവടസർഗ്ഗം മുതൽ ഹംസസർഗ്ഗംവരെയുള്ള ജീവടന്റെ എണ്ണമറ്റ പരിണാമങ്ങളെമുഴുവൻ മോചിപ്പിക്കുമ്പോഴാണ്‌, അവന്‌ സമ്യക്കായി ജീവിക്കുവാൻ കഴിയുകയെന്നാണ്‌ വസിഷ്ഠൻ പറഞ്ഞത്‌. കാരണം ജീവടനെന്ന സന്യാസി, ഒരു ബ്രാഹ്മണനാകാൻ ആഗ്രഹിച്ചതുമുതൽ ഹംസമായി കൈലാസത്തിലെത്തി രുദ്രനെക്കണ്ട്‌ രുദ്രനായി പരിണമിച്ചു. അതാണ്‌ ജീവടസർഗ്ഗംമുതൽ ഹംസസർഗ്ഗംവരെ അനന്തമായി നീണ്ടുകിടന്നത്‌. അതിൽനിന്നൊക്കെ മോചനംനേടാൻ കഴിഞ്ഞാൽ മാത്രമേ ജീവടന്‌ സമ്യക്കായി കഴിയാനാകൂ. ഇതെല്ലാം അവന്റെ പൂർവ്വരൂപങ്ങളാണ്‌; ഇതെല്ലാം അവന്റെ പിതൃപിതാമഹന്മാരാണ്‌. ഇതിന്റെമുഴുവൻ ശ്രാദ്ധമില്ലാതെ- ഇതിനെയെല്ലാം നിലനിർത്തിക്കൊണ്ട്‌, ഒരു വിവാഹബന്ധത്തിലെ സ്നേഹവും മറ്റുഭാവതലങ്ങളുമൊക്കെ എങ്ങനെയാണ്‌ നിലനിർത്താനാകുക?

ആധുനികകാലത്ത്‌ വിവാഹപൂർവ്വകർമ്മങ്ങളിൽ നാന്ദിശ്രാദ്ധമൊന്നും നടക്കാനിടയില്ല. അതൊന്നും നടന്നില്ലെങ്കിൽകൂടി, വിവാഹിതരിൽ നിത്യനിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഈ പരമ്പരകളുടെ പരിണാമത്തിൽ കുടുങ്ങിയുണ്ടാകുന്ന മൊഴിമാറ്റനിമിഷങ്ങൾ അറിഞ്ഞ്‌ തിരിച്ചുകൊണ്ടുവന്നാൽ, പരസ്പരം സ്നേഹം നിലനിർത്താം. ഇതറിയാതെവരുമ്പോഴാണ്‌ പരസ്പരം കലഹിക്കേണ്ടിവരുന്നതും, വഴി പിരിയേണ്ടിവരുന്നതും. അപ്പോൾ, ഓരോരുത്തർക്കും അനന്തകോടി മുഖങ്ങളുണ്ട്‌; സർഗ്ഗങ്ങളുണ്ട്‌. ഭാര്യയിൽനിന്ന്‌ തനിക്ക്‌ പൊറുക്കാനാവാത്തൊരു വാക്കുകേട്ടു; തനിക്കതിനെ പൊറുക്കാൻ കഴിയാത്തതെന്തുകൊണ്ടാണ്‌? സത്യത്തിൽ ഈ വാക്ക്‌ മുമ്പ്‌ മറ്റൊരുത്തിയിൽനിന്ന്‌ താൻ കേട്ടതാണ്‌. അല്ലെങ്കിൽ, ഈ വാക്ക്‌ തന്റെ പിതാമഹൻ കേട്ടതാണ്‌; അത്‌ തന്റെ ജനിതകത്തിൽനിന്ന്‌ ആ പൂർവ്വഭാവം ഉണർന്നുവന്നപ്പോഴാണ്‌ തനിക്ക്‌ പൊറുക്കാനാകാതെപോയതെന്ന്‌ തിരിച്ചറിയാൻ കഴിഞ്ഞാൽ, സ്നേഹം തോന്നും- ഇല്ലെങ്കിൽ കോപമേയുണ്ടാകൂ. ജീവസർഗ്ഗത്തിന്റെ പൊരുളറിയാതെ, ഒരു സൈക്കാട്രിസ്റ്റിനെപോയിക്കണ്ട്‌, കൗൺസിലിംഗ്‌ നടത്തിയാൽ ഈ വഴക്ക്‌ തീരുമോ? ഉള്ളിൽ കിടക്കുന്ന പൂർവ്വരൂപങ്ങളെ തിരുത്താനാകുന്നതുവരെ വഴക്കുകൾ പരിഹരിക്കാൻ പോകുന്നില്ല. പൂർവ്വരൂപങ്ങൾക്ക്‌ ഉണർന്നുവരാനുള്ള അന്തരാളമാണ്‌ എല്ലാ സ്നേഹബന്ധങ്ങളും കൂട്ടായ്മയുമെന്ന്‌ തിരിച്ചറിയണം. അനുകൂലങ്ങളും പ്രതികൂലങ്ങളുമായ തന്റെ പൂർവ്വരൂപങ്ങൾക്ക്‌ ഉണർന്നുവന്ന്‌ തിമിർക്കുവാനുള്ള അരങ്ങുകളാണ്‌ മാനവന്റെ എല്ലാ സ്നേഹബന്ധങ്ങളും. അതുകൊണ്ട്‌ നിങ്ങളൊക്കെ സ്നേഹിക്കുന്നത്‌ ഒന്നും സൃഷ്ടിക്കുവാനല്ല; നശിപ്പിക്കുവാനാണ്‌. സ്നഹിക്കുന്നത്‌ ശാന്തി നേടുന്നതിനല്ല; അശാന്തിയുണ്ടാക്കാനാണ്‌.

`ജീവടസർഗ്ഗംമുതൽ ഹംസസർഗ്ഗംവരെയുണ്ടാകുന്ന അനുനിമിഷം മാറിമറയുന്ന പൂർവ്വരൂപങ്ങളെ ശാന്തമാക്കാനാണ്‌ പൂർവ്വികർ വിവാഹപൂർവ്വകർമ്മമായി `നാന്ദിശ്രാദ്ധം` അനുഷ്ഠിച്ചിരുന്നത്‌. കൃത്യമായ മന്ത്രങ്ങൾകൊണ്ട്‌; വിധിയാംവണ്ണമുള്ള അനുഷ്ഠാനംകൊണ്ട്‌; വിധിപൂർവ്വകമായ ശ്രാദ്ധംകൊണ്ട്‌; ശ്രദ്ധകൊണ്ട്‌ പ്രിയവും മംഗളവുമുണ്ടാകുമെന്നവർ വിശ്വസിച്ചു. പിതാവും പിതാമഹനുമൊക്കെ നിങ്ങളോടൊപ്പം ജീവിച്ചിരുന്നതാണ്‌; പിന്നെ മരിച്ചുപോയവരാണ്‌. അങ്ങനെ അവർ ഒരു മരണത്തിലൂടെ നിങ്ങളെ പിരിഞ്ഞുപോയവരാണെന്ന്‌ നിങ്ങളൊരിക്കലും ഉറപ്പുവരുത്തുന്നില്ലെങ്കിലോ? അപ്പോൾ അവരൊക്കെ നിങ്ങളുടെ ഓരോ സെക്കന്റിലും നായകരായിനിന്ന്‌ നിങ്ങളെ ഭരിച്ചുകൊണ്ടിരിക്കും; പിരിഞ്ഞുപോകാതിരുന്ന പിതാവ്‌ നിങ്ങളിലിരുന്നുകൊണ്ട്‌ നിങ്ങളുടെ ഭാര്യയോട്‌ അയാൾ, അയാളുടെ ഭാര്യയോടെന്നപോലെ പെരുമാറും; അത്‌ നിങ്ങളുടെ ഭാര്യയ്ക്ക്‌ ഉൾക്കൊള്ളാനാകാതെ വരും. ഇങ്ങനെയാണ്‌ പിതാവും പിതാമഹ നുമൊക്കെ നിങ്ങളുടെ ബോധത്തിലിരുന്ന്‌, നിങ്ങളുടെ ജീവിതം പ്രശ്നസങ്കീർണ്ണമാക്കുന്നത്‌- അവരിൽ നിന്നുള്ള മോചനത്തിനുകൂടിയാണ്‌ നാന്ദിശ്രാദ്ധം. സന്യാസമൊക്കെ സ്വീകരിക്കുമ്പോൾ പിന്നോട്ടും മുന്നോട്ടുമുള്ള ഇരുപത്തിയൊന്ന്‌ തലമുറകളുടെയും തന്റെയും ശ്രാദ്ധംചെയ്യണമെന്നാണ്‌ വിധി; ഇല്ലെങ്കിൽ അത്രയും തലമുറകളുടെ ഓർമ്മകൾ ഉണ്ടാകും- തന്റെ ജാതിയും മതവും കുടുംബവുമൊക്കെ ഓർമ്മയിലുണ്ടാകും; ഇന്നയാളുടെ മകനും മരുമകനുമൊക്കെയാണെന്ന്‌ ഓരോരുത്തരേയും കാണുമ്പോൾ; കേൾക്കുമ്പോൾ ഓർമ്മയിൽ വരും. `വിരജാഹോമ`മൊക്കെ കഴിയാതെയാണ്‌ സന്യാസം സ്വീകരിച്ചതെങ്കിലാണ്‌, സന്യാസിക്ക്‌ ഓരോരുത്തരെയും കാണുമ്പോൾ തന്റെ പൂർവ്വജാതിയും പൂർവ്വമതവുമൊക്കെ ഉണരുന്നത്‌. അപ്പോഴാണ്‌ അത്തരക്കാരെ കാണുമ്പോൾ സന്തോഷവും സന്താപവുമൊക്കെയുണ്ടാകുന്നത്‌; അങ്ങനെയാണ്‌ നാം ഓരോ സന്യാസിയുടെയും പൂർവ്വവൃത്താന്തങ്ങൾ അറിയുന്നത്‌- അവൻ അവരുടെ പിതാവിൽ നിന്ന്‌ പിതാമഹനിൽ നിന്നുമൊന്നും മോചനം നേടിയിട്ടില്ല.

വിവാഹത്തിലൂടെ `ലാജഹോമ`വുംമറ്റും കഴിഞ്ഞ്‌; ഗോത്രംവെടിഞ്ഞ്‌ പെൺകുട്ടി ഭർതൃഗോത്രത്തിലേക്ക്‌ വരുമ്പോഴാണ്‌ അവൾക്ക്‌ അവിടുത്തെയൊരു വ്യക്തിത്വമുണ്ടാകുന്നത്‌. നേരത്തെയുണ്ടായ വ്യക്തിത്വം കളയാതെ ഭർതൃഗൃഹത്തിൽ എത്തുമ്പോഴാണ്‌, രണ്ട്‌ ഗോത്രങ്ങൾ തമ്മിലുള്ള; രണ്ട്‌ വ്യക്തിത്വങ്ങൾ തമ്മിലുള്ള പോരും വഴക്കുമൊക്കെയുണ്ടാകുന്നത്‌. അപ്പോഴാണ്‌ കാലവും ദേശവും തൊഴിലും മാതാപിതാക്കളുമൊക്കെ അവളിലെന്നും സജീവമായി നിൽക്കുന്നത്‌. പാചകത്തിൽ വരെ ഇതൊക്കെ നിഴലിക്കും- ഇവളുടെ ദേശത്ത്‌; വീട്ടിൽ സാമ്പാറിന്‌ തേങ്ങ എണ്ണയിൽ വറുത്താണ്‌ അരയ്ക്കുന്നതെങ്കിൽ, അടുക്കളയിൽ ചെന്നയുടനെ അതിന്‌ ശ്രമിക്കും. അത്‌ കണ്ടുകൊണ്ടാണ്‌ അമ്മായിയമ്മ വരുന്നത്‌; ഇവിടെ വറുക്കാതെയാണ്‌ അരയ്ക്കുന്നത്‌; അതിൽ തുടങ്ങി വഴക്കുണ്ടാകുകയും ചെയ്യും. അപ്പോൾ അവിടെ വിവിധ സംസ്ക്കാരങ്ങൾ തമ്മിലാണ്‌ ഏറ്റുമുട്ടുന്നത്‌; അപ്പോൾ പരസ്പരം സ്നേഹിച്ചും ബന്ധപ്പെട്ടും മുന്നോട്ടുപോകാൻ വിഷമമുണ്ടാകും. അതുകൊണ്ട്‌ ഒരുവന്‌ മറ്റൊരു സംസ്കൃതിയോട്‌ യോജിച്ചുപോകണമെങ്കിൽ  അവന്റെ പൂർവ്വരൂപങ്ങളെ ഉപസംഹരിച്ചിട്ടുവേണം ബന്ധം തുടരാൻ. വിവാഹത്തിലൂടെ രണ്ടുപേർ ചേരുകയാണെന്നു പറഞ്ഞാൽ രണ്ട്‌ സംസ്കൃതികൾ  തമ്മിൽ ചേരുകയാണ്‌ എന്നാണ്‌ അർത്ഥം. ആ രണ്ട്‌ സങ്കൽപങ്ങളുടെ സമന്വയഭൂവിൽ, അതുവരെയുള്ള വ്യത്യസ്തങ്ങളായ ജീവിതമാതൃകകളും സങ്കൽപങ്ങളുമാണ്‌ നമുക്ക്‌ സംഹരിക്കേണ്ടിവരുന്നത്‌. എന്നാൽ മാത്രമേ പുത്തനായൊരു ജീവിതമുണ്ടാകുകയുള്ളൂ. അങ്ങനെയൊരു ജീവിതത്തിനുവേണ്ടി പരസ്പരം തീരുമാനമെടുക്കുന്ന വിവാഹപൂർവ്വകർമ്മമാണ്‌ നാന്ദിശ്രാദ്ധം- ഇങ്ങനെ തീരുമാനമെടുത്താൽ  അവസാനകാലം വരെ സുഖജീവിതമുണ്ടാകുകയും ചെയ്യും. തീർച്ചയായും രണ്ടുപേരിൽ ഒരാളെങ്കിലും ഈ തീരുമാനമെടുക്കാതെ എങ്ങനെയാണ്‌ നിങ്ങൾക്ക്‌ സുഖജീവിതമുണ്ടാകുക? ശാന്തമായൊരു കുടുംബജീവിതം വേണമെങ്കിൽ  രണ്ടുപേരും മാറണം; ചുരുങ്ങിയത്‌ ഒരാളെങ്കിലും അങ്ങനെ മാറിയേപറ്റൂ.

ഓരോ നിമിഷവും നാം ജീവിച്ചുപോകുന്നത്‌ ഒരുവൻ മറ്റൊരുവനുമായി സംവദിക്കുമ്പോൾ, നമ്മുടെ തന്നെ വ്യത്യസ്തങ്ങളായ പൂർവ്വരൂപങ്ങളോടാണ്‌ സംവദിക്കുന്നത്‌. ഒരുവൾ ഒരു സന്യാസിയോടാണ്‌ സംസാരിച്ചുകൊണ്ടിരിക്കുന്നത്‌; താനൊരു സന്യാസിയോടാണ്‌ സംസാരിച്ചുകൊണ്ടിരിക്കുന്നതെന്ന ബോദ്ധ്യത്തോടെയാണ്‌ അവളെങ്കിലും, സന്യാസിയിലിപ്പോൾ ഒരു ഗൃഹസ്ഥനാണെങ്കിലോ? സംഗതിയാകെ കുഴഞ്ഞുമറിയും. അതുപോലെ മകൻ കോളേജിൽ കൊടുക്കാനുള്ള ഫീസ്‌ ചോദിക്കാൻ അച്ഛന്റെയടുക്കൽ ചെന്നു; അപ്പോൾ അച്ഛൻ തന്റെ മൊഴിമാറി സന്യാസിയായി നിൽക്കുകയാണെങ്കിലോ? അച്ഛന്റെ വേദാന്തം പറച്ചിലിൽനിന്ന്‌ അവൻ ഓടിയൊളിക്കും; കോളേജിൽ പോകാതെ അലയുകയും ചെയ്യും. ഇങ്ങനെയാണ്‌ ഓരോരുത്തരിലും സർഗ്ഗങ്ങൾ പ്രവർത്തിക്കുന്നത്‌. അതുമുഴുവൻ തീർന്നുകിട്ടുമ്പോഴാണ്‌ ഒരാൾക്ക്‌ മറ്റൊരാളുമായി സ്നേഹത്തിൽ ഇടപെടാൻ കഴിയുന്നത്‌. അതിനുവേണ്ടി എന്തുചെയ്യാനാകും? `പിതൃപിതാമഹാദി മാതാപിതാമഹിചൈവ തഥൈവ പ്രപിതാമഹീ ഹതാ ഭവന്തുമേ പ്രീതാഃ പ്രയശ്ചന്തു ച മംഗളം പിതാ പിതാമഹശ്ചൈവ തഥൈവ പ്രപിതാമഹഃ മാതാമഹസ്തത്‌ പിതാ ച പ്രമാതാമഹകാദയഃ ഏതേ ഭവന്തുമേ പ്രീതാഃ പ്രയശ്ചന്തു ച മംഗളം`- ഇവർ എനിക്ക്‌ മംഗളത്തെ ചെയ്തുതരണം. `പിതാപിതാ മഹശ്ചൈവ തഥൈവ പ്രവിതാ മഹഃ മാതാമഹശ്ച പിതാച പ്രമാത മഹാദയഃ ഏതേ ഭവന്തുമേ പ്രീതാഃ പ്രയച്ഛന്തുജ മംഗളം`- അതുകൊണ്ട്‌ വിവാഹത്തിനുമുമ്പ്‌ ഒന്ന്‌ തയ്യാറെടുക്കണം. അതിന്‌ കഴിയാത്തവരാണെങ്കിൽ അവർ തങ്ങളുടെ സർഗ്ഗങ്ങളോട്‌ വിട പറഞ്ഞിട്ടുവേണം വിവാഹിതരാകാൻ. എങ്കിൽ മാത്രമേ, അവർക്ക്‌ അവർമാത്രമായൊരു ബന്ധമുണ്ടാകുകയുള്ളു; ആ ബന്ധത്തിന്നിടയിൽ ഇതരസർഗ്ഗങ്ങൾ കയറിവാരാതിരിക്കു; അതിന്റെ രഹസ്യസ്വഭാവങ്ങളൊക്കെ കൊഴിഞ്ഞുപോകുകയുള്ളൂ.

വിവാഹബന്ധങ്ങളിലെ രഹസ്യസ്വഭാവങ്ങൾക്ക്‌ ആധുനികത വലിയ പ്രചോദനം നൽകുന്നുണ്ടോ? ആധുനിക വൈദ്യശാസ്ത്രം ഇതിൽ അപകടകരമായ വഴിതന്നെയാണ്‌ തുറന്നുതന്നിരിക്കുന്നത്‌. പഴയകാലത്തും ഇന്നും പ്രായമായവർ, ഭാര്യാഭർത്താക്കന്മാർപോലും പരസ്പരം തങ്ങളുടെ പൂർണ്ണനഗ്നത പ്രദർശിപ്പിച്ചുകണ്ടിട്ടുണ്ടാവില്ല; കാണണമെന്ന്‌ അവർക്ക്‌ തോന്നിയിട്ടുമുണ്ടാവില്ല. കുട്ടികളും കൂട്ടുകുടുംബവുമൊക്കെയായി കഴിയുമ്പോൾ വെളിച്ചത്തിലായിരുന്നില്ല അവരുടെ ബന്ധങ്ങളുണ്ടായിരുന്നത്‌. എന്നാൽ ആധുനികകാലത്ത്‌ സ്ത്രീപുരുഷന്മാർ തമ്മിലുള്ള ബന്ധങ്ങൾ പൂർണ്ണ നഗ്നതാപ്രദർശനത്തിലൂടെവേണമെന്ന സ്ഥിതിയിലാണ്‌; മാത്രമല്ല മറ്റുള്ളവർക്കുമുമ്പിൽ പ്രദർശിപ്പിച്ചുകൊണ്ടുള്ള ശാരീരികബന്ധങ്ങളിലാണ്‌ കൂടുതൽ ഇഷ്ടവും. ഇതാണ്‌, ഒരു രോഗി ഭിഷഗ്വരന്റെ മുമ്പിലെത്തിയാൽ തന്റെ ശരീരം പ്രദർശിപ്പിക്കുന്നതിലേക്കുവരെ നയിക്കുന്നതും. പരിശോധനയുടെ ഭാഗമായി രോഗസൂചനകൾ പറഞ്ഞാൽ ഭിഷഗ്വരന്‌ ഭാവനചെയ്ത്‌ മനസ്സിലാക്കാനുള്ള കഴിവുപോലും ഇന്ന്‌ നഷ്ടപ്പെട്ടത്‌ ഈയൊരു സംസ്ക്കാരംകൊണ്ടാണ്‌- ഇങ്ങനെ ശരീരം കാണുമ്പോൾ രോഗിയിലും ഭിഷഗ്വരനിലും `ജീവടസർഗ്ഗങ്ങൾമുതൽ ഹംസസർഗ്ഗംവരെ` ഉണരുമോയെന്നതാണ്‌ പ്രശ്നം. ഈ കാഴ്ചക്കും പ്രദർശനങ്ങൾക്കും ശേഷം കണ്ടവനി ൽ ആ അവയവഘടനയും രൂപംതന്നെയും ജീവടസർഗ്ഗംപോലെ സർഗ്ഗങ്ങൾ ഉണർത്തുമോ? പ്രദർശിപ്പിക്കുന്നവളിൽ ലജ്ജയും മറ്റുഭാവഹാവാദികളും നിമിഷാർദ്ധംകൊണ്ടുണ്ടാകുമോ? അവളിൽ സർഗ്ഗങ്ങളുണർന്നുകഴിഞ്ഞാൽ- ആ ഒരു സ്വപ്നവുമായി; ഒരിക്കലും ബന്ധപ്പെടാനാകാത്തൊരു സ്വപ്നം മാത്രമായി തിരിച്ചുവന്നാലും, അയാളെ വെച്ചുകൊണ്ടൊരു സങ്കൽപലോകം അവളിലെന്നും മേഞ്ഞുനടക്കില്ലേ? അങ്ങനെയൊരു സർഗ്ഗവുമായി കുടുംബജീവിതം അവൾക്കുപിന്നെ മുന്നോട്ടുകൊണ്ടുപോകാനാകുമോ? ആധുനിക വൈദ്യശാസ്ത്രരംഗം മാത്രമല്ല ആധുനിക സിനിമയും സാഹിത്യവും കലയുമൊക്കെ നിങ്ങളിൽ ഉറങ്ങിക്കിടക്കുന്ന അനന്തകോടി ജീവസർഗ്ഗങ്ങളെ ഉണർത്തിവിട്ടുകൊണ്ടാണ്‌ നിലനിൽക്കുന്നത്‌; നിങ്ങളും ഇന്റർനെറ്റും മൊബൈൽ ഫോണുകളുമൊക്കെ നിലനിൽക്കുന്നതും നിങ്ങളുടെ ജീവസർഗ്ഗങ്ങളിൽ തന്നെയാണ്‌- മൊബൈൽ ഫോണുകളും ഇന്റർനെറ്റുംവഴി താറുമാറായ വിവാഹബന്ധങ്ങൾ ഇന്ന്‌ വളരെവളരെയാണ്‌. ഭർത്താവിന്റെകൂടെ കഴിയുമ്പോൾ ഭാര്യക്കും, ഭാര്യയുടെകൂടെ കഴിയുമ്പോൾ ഭർത്താവിനും യഥേഷ്ടം, തങ്ങളുടെ സ്വപ്നലോകങ്ങളിലൂടെ; എസ്‌.എം.എസ്സിലൂടെയും കാഴ്ചകളിലൂടെയും വാക്കുകളിലൂടെയും അപരസ്വപ്നമനസ്സുകളുമായി രമിക്കാമെന്ന സ്ഥിതിയാണ്‌- തൊഴിലിന്റെയും ജീവിതത്തിന്റെയും ആവശ്യങ്ങൾക്കപ്പുറം ഇതിനെയെല്ലാം ആശ്രയിക്കുന്നവരായി ആരുണ്ടോ, അവർ ജീവസർഗ്ഗങ്ങളുടെ ലോകമുണർന്ന്‌ ആ ലോകങ്ങളിൽ അലയുന്നവർ മാത്രമാണ്‌; പലർക്കും ഇന്ന്‌ മൂന്നും നാലും ഫോണുകൾവരെയുള്ള കാലമാണിത്‌; അവർ അത്രയും ഉണർന്നവരാണെന്ന്‌ അർത്ഥം; ഇതിനുവേണ്ടിയാണ്‌ എല്ലാം വികസിപ്പിക്കുന്നതുതന്നെ. ഉപഗ്രഹങ്ങളുടെ എണ്ണം കൂടുമ്പോഴും അതിനെ ആകർഷിക്കാനുള്ള ടവറുകളുടെ എണ്ണം കൂടുമ്പോഴും നമ്മുടെ ജീവിതരീതി വളരെവളരെ മാറുന്നുണ്ട്‌; ജൈവമേഖലയാകെതന്നെ മാറുന്നുണ്ട്‌- കുടുംബജീവിതത്തിന്റെ തലത്തിൽ, മൊബൈൽ ഫോണുകളും മറ്റും ഇങ്ങനെ ജീവസർഗ്ഗമുണർത്തുമ്പോൾ; നിങ്ങളൊക്കെ അവയ്ക്ക്‌  പരിധിവിട്ട്‌ കീഴ്പ്പെട്ടുകഴിയുമ്പോൾ ഭാര്യയ്ക്കെങ്ങനെ ഭർത്താവിനേയും ഭർത്താവിനെങ്ങനെ ഭാര്യയേയും സ്നേഹിക്കുവാനും പരസ്പരം വിശ്വസിക്കാനും കഴിയും? സ്വപ്നം പങ്കിടുന്നവർ, ഇവർക്ക്‌ കുടുംബജീവിതത്തിന്റെ ശാന്തി നൽകുമോ? അതുകൊണ്ടാണ്‌ പൂർവ്വികർ പറഞ്ഞത്‌, എല്ലാ പൂർവ്വരൂപങ്ങളും ശമിക്കണമെന്നും `കൗതുകബന്ധനം` ഉണ്ടാകണമെന്നും- ഇതിനൊക്കെയായിരുന്നു, `രക്ഷാബന്ധനം` ആചരിച്ചിരുന്നത്‌. ഇന്ന്‌ നിങ്ങൾ ഇതിനെ സഹോദരീസഹോദരന്മാർ എന്നൊക്കെ സങ്കൽപിച്ചാണ്‌ ആചരിക്കുന്നത്‌. എന്നാൽ വൈദികകാലങ്ങളിൽ ഈ ചടങ്ങ്‌, വിവാഹത്തിനുമുമ്പുള്ള കൗതുകബന്ധനമാണ്‌- കൗതുകബന്ധനത്തെക്കുറിച്ച്‌ `ശൗനകകാരിക`യും മറ്റും വളരെ വിശദമായി വർണ്ണിച്ചിട്ടുണ്ട്‌. `തന്തുത്രയം തഥാംപുംസാം സ്ത്രീണാംത്തു ദ്വിഗുണീകൃതം`- മൂന്ന്‌ ചരട്‌ പുരുഷനും ആർ​‍്‌ ചരട്‌ സ്ത്രീയും അവിടെ ഉപയോഗിക്കും. `വിനായകം സമസ്കൃത്യ ഗൗരീപു ത്രം ച മൂർദ്ധ്നി കാത്യായന മനുപ്രോക്തോ രക്ഷാബന്ധോവിധീയതേ വിനായകം തുസംപൂജ്യ ഗുഡൈർ ഗന്ധാക്ഷതാദീഭീഃ പ്രാണായാമത്രയം കൃത്വസങ്കൽപ്യ ച യഥാവിധി. പ്രക്ഷാല്യകാംസ്യപാത്രം തു കുശഭസ്മജലേന ച താം ബൂലാ തത്രവിന്യസ്യ ഭസ്മനാസഹിതം തഥാ സൗവർണ്ണം രാജതം വാളപി ക്ഷൗമം കാർപ്പാസമേവച തന്തുത്രയം തഥാപുംസാം സ്ത്രീണാം തു ദ്വിഗുണീകൃതം പാവമനേനമന്ത്രേണ സൂത്രം ഞപമാഭിഷേച യേത്‌ ആപോഹിഷ്ഠേതിമന്ത്രേണ സംസ്ക്കാര്യസ്യാഭിഷേചനം സൂത്രം ഗന്ധേനസംലിഗ്നേദം ശുനാതേതിമന്ത്രതഃ ദീർഘായുസ്തേതി മന്ത്രേണ ആശിഷായോജയേത്‌ ബഹും ത്രയം ബകൗമന്ത്രേണ ഭുർത്തീം ദത്വാ ലലാടകേ തുഷ്ണീം തതോദ്വിവാരം ച ഭസ്മദദ്യത്തഥൈവ ച യദാബദ്ധ്നാതി മന്ത്രേണ പുംസാംവൈദക്ഷിണേകരേ ബദ്ധ്നീയാത്‌ തൂത്രകംചൈവ സ്ത്രീയാഷ്ച ദ്വാസ്ഥകേകരേ ത്രിണി ത ആ ഹുർമന്ത്രോണ ഇതി കാത്യായനോദിതം`- സ്ത്രീയുടെ ഇടത്തേകൈയ്യിലും പുരുഷന്റെ വലത്തെ കൈയ്യിലും  ചരടുകെട്ടും. `കർമ്മാദൗ ബന്ധനം പ്രോക്തം കർമ്മാന്തേതത്‌ വിസർജനം മണ്ഡപഭേദാദി പൂജനം ദേവകസ്ഥാപനം` എന്നൊക്കെ വളരെ വിശദമായി ഇതേക്കുറിച്ച്‌ `രേണുകാരിക`യുംമറ്റും വർണ്ണിച്ചിട്ടുണ്ട്‌. ഇതൊക്കെയാണ്‌ ഓരോ കാലത്തായി; ഓരോരുത്തരായി ഉപേക്ഷിച്ചുവന്നത്‌. ഇതിനുകാരണം സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കൽപങ്ങളും ചടങ്ങുകളോടുള്ള പ്രതിഷേധവുമാണ്‌. ഇതൊക്കെ വലിച്ചെറിഞ്ഞ്‌ ഒരു ശാന്തിയിലേക്ക്‌ മാനവൻ വികസിച്ചിട്ടുണ്ടെങ്കിൽ, വലിച്ചെറിഞ്ഞത്‌ ശരിയാണ്‌; പൂർവ്വാധികം വിഹ്വലമായൊരു അശാന്തിയിലേക്കാണ്‌ മാനവികത മാറിയതെങ്കിൽ, വലിച്ചെറിഞ്ഞത്‌ തെറ്റുമാണെന്ന്‌ സമ്മതിക്കാൻ നാം തയ്യാറാകുകയും വേണം.

മണ്ഡപസ്ഥാപനം, സ്വസ്തിവചനം തുടങ്ങിയ അനേകരോടുകൂടിയാണ്‌ രക്ഷാബന്ധനം- രക്ഷാബന്ധനത്തിലെ കൗതുകം, സ്ത്രീയും പുരുഷനും പരസ്പരം; അങ്ങോട്ടുമിങ്ങോട്ടുമുള്ള ബന്ധനമാണ്‌. ഒരാൾ ഒരാളെമാത്രം രക്ഷിക്കുന്നുവെന്നല്ല ഇതിന്റെ അർത്ഥം- സ്ത്രീയെ പുരുഷൻ രക്ഷിക്കുന്നുവെന്നിടത്തോളം പ്രാധാന്യമുള്ളതുതന്നെയാണ്‌ പുരുഷനെ സ്ത്രീ രക്ഷിക്കുന്നുവെന്നുള്ളതും. ഇവിടെ മനുസ്മൃതിയെ അവലംബിച്ച്‌ ഏറെ തെറ്റിദ്ധരിച്ചതുപോലെയല്ല കാര്യങ്ങളെന്നർത്ഥം; രക്ഷിക്കലെന്നത്‌ ഒരുവശത്തേക്കല്ല; രണ്ട്‌ സ്ഥാനത്തേക്കുമാണ്‌ എല്ലാ സൂത്രങ്ങളും രചിക്കപ്പെട്ടിരിക്കുന്നത്‌. `മണ്ഡപസ്ഥാപനം കുര്യാത്‌ സ്വസ്തിവാചനപൂർവ്വകം ചതുരോബ്രാഹ്മണസ്തത്ര പൂജയേദ്ദക്ഷിണാദിഭിഃ നന്ദിനി നളിനീ മൈത്രാ ഉമാച പശുവർദ്ധിനീ മണ്ഡപസ്ഥാപനേയോജ്യളസ്തംഭേ മാത്രാപ്രകീതാ`- ഇങ്ങനെ വളരെ ഗംഭീരമായി വർണ്ണിച്ചിട്ടാണ്‌ ഇത്‌ കടന്നുപോകുന്നത്‌. അപ്പോൾ മനുസ്മൃതിയിലെ ഒരു ശ്ളോകമെടുത്ത്‌ വ്യാഖ്യാതാവിന്റെ ഇംഗിതത്തിനനുസരിച്ച്‌ വ്യാഖ്യാനിക്കുമ്പോഴാണ്‌ മറ്റുള്ളവർക്ക്‌ തെറ്റിദ്ധാരണയുണ്ടാകുന്നത്‌. അതിനുകാരണം എല്ലാവർക്കും സംസ്കൃതഭാഷ അറിയാത്തതുകൊണ്ടാണ്‌. ആദ്യം മനസ്സിലാക്കേണ്ടത്‌ സ്മൃതിഗ്രന്ഥങ്ങളൊന്നും മതഗ്രന്ഥങ്ങളല്ല; നിയമഗ്രന്ഥങ്ങളാണെന്നാണ്‌. നിയമഗ്രന്ഥങ്ങളിലെ നിയമങ്ങളൊക്കെ സാധുവാകുന്നത്‌ ഇന്റർപ്രട്ടേഷൻ (ശില്​‍ു​‍ൃലമേശ്​‍ി) കൊണ്ടാണ്‌. അതുകൊണ്ട്‌ നിയമമെന്താണെന്ന്‌ അറിയാത്തവർ നിയമഗ്രന്ഥങ്ങൾ വായിക്കുന്നതുകൊണ്ടാണ്‌ പ്രശ്നങ്ങളുണ്ടാകുന്നത്‌. ഇന്ത്യയിൽ മതങ്ങളൊക്കെ  ഉണ്ടാകുന്നത്‌ മതങ്ങൾ പുറത്തുനിന്നും വന്നതിന്‌ ശേഷമാണ്‌. അതുകൊണ്ടുതന്നെ പ്രാചീനഗ്രന്ഥങ്ങളൊന്നും ഏതെങ്കിലുമൊരു മതത്തെ ലക്ഷ്യംവെച്ചുകൊണ്ട്‌ രചിക്കപ്പട്ടവയല്ല- മതങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്തെഴുതപ്പെട്ട ഗ്രന്ഥങ്ങളെയാണ്‌, ഇന്ന്‌ മത സങ്കൽപങ്ങളിൽനിന്ന്‌ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത്‌; അതുകൊണ്ടാണ്‌ അബദ്ധങ്ങൾ അത്രയും ഉണ്ടാകുന്നത്‌. വിവാ ഹം സംബന്ധിച്ചും ഏറെ തെറ്റിദ്ധാരണകൾ ഉണ്ടാകുന്നതും ഈ പശ്ചാത്തലത്തിലാണ്‌.

വിവാഹനിശ്ചയപ്രകാരം ചിന്തിച്ചാൽ, ആധുനികന്റെ നിയമം എങ്ങനെയാണ്‌? `Marriage is a contract between the husband and wife. Any child who is born in the legal pendency of this contract is considered positively of the child of the husband`- ഇന്ത്യൻ നിയമം പറയുന്നതാണിത്‌. ഇത്‌ നിയമമായി കഴിഞ്ഞ്‌; കോൺട്രാക്ട്‌ വാലിഡാകുന്ന നിമിഷംമുതൽ കോൺട്രാക്ട്‌ പിൻവലിയുന്ന നിമിഷംവരെ സ്ത്രീ പ്രസവിക്കുന്ന എല്ലാ കുഞ്ഞിന്റേയും പിതാവ്‌ ഭർത്താവാണ്‌ എന്ന്‌ സമ്മതിച്ചാ ണ്‌ പുരുഷൻ വിവാഹ കോൺട്രാക്ടിൽ ഒപ്പുവെയ്ക്കുന്നത്‌ എന്നർത്ഥം. അതുകൊണ്ട്‌ ഇതിനിടയിൽ ഉണ്ടാകുന്ന കുട്ടികൾമുഴുവൻ; തന്റേതല്ലെങ്കിൽപോലും ചെലവിന്‌ കൊടുത്തേപറ്റൂ. കോൺട്രാക്ട്‌ എപ്പോൾ വേണമെങ്കിലും വാലിഡേറ്റു ചെയ്യാം; ഉഭയസമ്മതപ്രകാരം മാരേജ്‌ ഈസ്‌ എ സാക്രമെന്റ്‌(( -(Marriage is a sacrement എന്നത്‌ വേറെകാര്യമാണ്‌. അപ്പോൾ ഈ നിയമങ്ങളെയൊക്കെ എങ്ങനെ നിർവചിക്കും; അതുകൊണ്ട്‌ നിയമഗ്രന്ഥങ്ങൾ പഠിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം.

പ്രോട്ടോകോൾ(Protocol) എന്നത്‌ ജനാധിപത്യ രാഷ്ട്രസങ്കൽപങ്ങളിലെ ഒരു പ്രധാനപ്പെട്ട അധികാരഘടനയാണ്‌. അതുപോലെതന്നെയാണ്‌ ഭാരതീയ കുടുംബസങ്കൽപത്തിൽ, കുടുംബത്തിന്റെ ചുമതലകളെയും നിർവ്വചിച്ചിരിക്കുന്നത്‌- ഒരു കുടുംബത്തിന്റെ ചുമതല കുടുംബിനിക്കാണ്‌. അവൾ പരമോന്നത ആയതുകൊണ്ടാണ്‌ അവളുടെ ബാല്യംമുതൽ വിവിധഘട്ടങ്ങളിൽ സംരക്ഷിയ്ക്കപ്പെടേണ്ടവളായിത്തീർന്നത്‌. ബാല്യം പിതാവിനാൽ; യൗവ്വനം ഭർത്താവിനാൽ; വാർദ്ധക്യം മകനാൽ അവൾ സുരക്ഷിതമായിരിക്കണം; ഇത്‌ സ്റ്റാറ്റ്യൂറ്ററി വാണിം) ആയിരുന്നു. `പിതാരക്ഷതി കൗമാരേ ഭർത്താരക്ഷതി യൗവ്വനേ പുത്രശ്ചസ്ഥവിരേകാലേ ന സത്രീ സ്വാതന്ത്ര്യമർഹതി`- ക്ളേശാചാരിയായി ജീവിക്കാൻ അവൾക്ക്‌ അർഹതയില്ല; അത്രയും ഉയർന്നവളാണ്‌ സ്ത്രീ. അവളെ ജീവിതത്തിലുടനീളം സംരക്ഷിക്കാൻ മൂന്നുപേരെ ചുമതലപ്പെടുത്തുമ്പോൾ, ഇവിടെ ജീവന്‌ വിലയില്ലാതാകുന്നത്‌ അവളുടേതാണോ; അവരുടേതാണോ? ഇവിടെ ആർക്കാണ്‌ സ്വാതന്ത്ര്യമില്ലാതാകുന്നത്‌? സത്യത്തിൽ ഇവിടെ രണ്ടുപേർക്കും സ്വാതന്ത്ര്യമില്ല. ഒന്ന്‌, രക്ഷിക്കപ്പെടുന്നതുകൊണ്ട്‌ സ്വാതന്ത്ര്യ മില്ല. രണ്ട്‌, രക്ഷിക്കേണ്ടതുകൊണ്ട്‌ സ്വാതന്ത്ര്യമില്ല. എന്നാൽ ഇതിൽ ഏത്‌ സ്വാതന്ത്ര്യമില്ലായ്മയാണ്‌ കൂടുതൽ അപകടം? രക്ഷിക്കുന്നവന്റെ അസ്വാതന്ത്ര്യമോ, രക്ഷിക്കപ്പെടുന്നവളുടെ അസ്വാതന്ത്ര്യമോ? രക്ഷിക്കുന്നവന്റെ അസ്വാതന്ത്ര്യമാണ്‌ കർക്കശം. കാരണം, രക്ഷിച്ചില്ലെങ്കിൽ അവൻ ശിക്ഷാർഹനാണ്‌ എന്നതുതന്നെ. അതാണ്‌ പറഞ്ഞത്‌, നിയമഗ്രന്ഥങ്ങൾ പഠിക്കുമ്പോൾ സൂക്ഷി ച്ചുവേണമെന്ന്‌. നിയമത്തിന്റെ പൊരുളറിയാത്തവരാണ്‌ ഈ ശ്ളോകത്തെ ഉയർത്തിക്കാട്ടി ഇന്നും തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നതെന്ന്‌ മനസ്സിലാക്കണം- അതുകൊണ്ട്‌ ഭാരതീയ വിവാഹപൂർവ്വകർമ്മങ്ങളിൽ പ്രധാനമായ രക്ഷാബന്ധനം പരസ്പര രക്ഷയെ കരുതിയാണെന്ന്‌ മനസ്സിലാക്കണം; ഇരുസ്ഥലത്തേക്കുമുള്ളതാണ്‌; ജനപദധർമ്മവും ഗ്രാമധർമ്മവും ഉൾപ്പെട്ടവയാണ്‌ ഇതിന്റെ അർത്ഥതലങ്ങൾ- `പാരസ്കര ഗൃഹ്യസൂത്ര`വും ഇതിനെ ഭംഗിയായി വർണ്ണിച്ചിട്ടുണ്ട്‌.

വിവാഹപൂർവ്വകർമ്മങ്ങളിൽ അടുത്തത്‌ കന്യാവരണമാണ്‌- ദോഷനിർമ്മാർ ജ്ജനത്തിനുള്ളതാണ്‌ കന്യാവരണം. വന്ധ്യത കേരളത്തിൽ ഇന്ന്‌ അറുപത്‌ ശതമാനമാണ്‌; ഇതിന്‌ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്‌, മാനസികമാണ്‌. രണ്ട്‌, ആഹാരമാണ്‌. മൂന്ന്‌, ഔഷധപ്രയോഗങ്ങളാണ്‌. നാല്‌, ഉറക്കമില്ലായ്മയാണ്‌. ഈ ക്ളീബത്വാദിദോഷങ്ങൾ ഒഴിവാക്കുന്നതിനാണ്‌; ക്ളീബത്വാദിദോഷനിർമ്മാർജ്ജനത്തിനാണ്‌ കന്യാവരണമെന്ന്‌ പ്രാചീനർ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. `സ്ത്രീപുംസയോസ്തു സംബന്ധാത്‌വരണം പ്രാഗ്‌വിധീയതേ വരണാത്ഗ്രഹണം പാണിഃ സംസ്ക്കാരോളഥ ദ്വിലക്ഷണഃ തയോരനിയതം പ്രോക്തം കാരണേദോഷദർശനാത്‌`- ക്ളീബാദിദോഷങ്ങൾ കണ്ടുകൊണ്ടാണ്‌ ഇത്‌ പറഞ്ഞിരിക്കുന്നത്‌.

ഇന്ന്‌ നടന്നുവരുന്ന വിവാഹമോചനകേസ്സുകളിൽ നല്ലൊരു ശതമാനവും ഉണ്ടായത്‌ ക്ളീബദോഷംകൊണ്ടാണ്‌. കുടുംബജീവിതം പ്രകടമായി ശാരീരികബന്ധമാണെന്നാണ്‌ ബയോളജിക്കലായ പഠനം. അതിന്‌ സാധിക്കാതെ വരിക; അത്‌ തൃപ്തമാകാതെ വരിക- ശാരീരിക നിലവാരത്തിൽ, ആരോഗ്യകാരണങ്ങളാൽ ഈ ദോഷം പ്രധാനപ്പെട്ടൊരു പ്രശ്നമാണ്‌. ഇത്തരം പ്രശ്നങ്ങളുണ്ടായാൽ പണ്ടൊക്കെ, കുറച്ചുനാൾ സഹിച്ചും പിന്നെ ഇതൊക്കെ മാതാപിതാക്കളോട്‌ തുറന്നുപറയാനാകാതെയും പരസ്പരം പിരിഞ്ഞുകഴിയാറാണ്‌ പതിവ്‌. ഇന്ന്‌, ഇത്‌ ഇങ്ങനെയല്ല സംഭവിക്കുന്നത്‌. കഴിവില്ലായ്മയാണ്‌ പിരിയാൻ കാരണമെന്ന്‌ നേരെചൊവ്വേ, മാതാപിതാക്കളോട്‌ തുറന്നുപറയുകയാണ്‌ ചെയ്യുന്നത്‌; നേരെ വിവാഹമോചനം ആവശ്യപ്പെട്ട്‌ കോടതികളിലെത്തുകയാണ്‌ ചെയ്യുന്നത്‌.

ആധുനികരുടെ  ഇടയിൽ വിവാഹമോചനമെന്നത്‌ വളരെ പ്രധാനപ്പെട്ട ഒരു കാര്യമായി വളർന്നിരിക്കുന്നു; അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം ലൈംഗീകശേഷിക്കുറവുമാണ്‌. അതുകൊണ്ടുതന്നെ ആധുനികവൽക്കരിക്കപ്പെട്ട, വൈദ്യവ്യവസായ മേഖലയിൽ വാജീകരണം, വൃഷ്യം എന്നീതലങ്ങളിൽ പേറ്റന്റ്‌ മരുന്നുകളുടെ മത്സരമാണ്‌ നടക്കുന്നതും. ഇതിന്റെ തോതനുസരിച്ച്‌ വന്ധ്യത വർദ്ധിക്കുന്നുമുണ്ട്‌; മരുന്നുകളുടെ അമിതമായ ഉപയോഗം ദോഷം വർദ്ധിപ്പിക്കുകയാണ്‌. പരസ്യങ്ങളുടെ കുത്തൊഴുക്കുകളിൽ വൈകല്യമുള്ളവർ ഒഴുകിപ്പോകുകയാണ്‌; അത്ഭുതമരുന്നുകളെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ പരസ്യങ്ങളിലൂടെ അടിച്ചേൽപ്പിക്കുകയാണ്‌- കുടുംബജീവിതം തകരുന്നതിൽ ഇത്തരം മരുന്നുകളുടെയും പരസ്യങ്ങളുടെയും സ്വാധീനം വളരെ വലുതാണ്‌.

ക്ളീബാദിദോഷങ്ങളിൽ അമ്പതുശതമാനം മാനസികവൈകല്യങ്ങളാണ്‌ കാരണം- വിവാഹജീവിതത്തെക്കുറിച്ചുള്ള വ്യക്തമായൊരു അവബോധമില്ലായ്മയാണ്‌ പ്രശ്നം. അവ്യക്തത നിറഞ്ഞ ഉൽകണ്ഠകളും മറ്റുവിഷയങ്ങളുമാണ്‌ കേരളീയ യുവത്വത്തെ ഇന്ന്‌ തളർത്തുന്നത്‌. ഇതിന്റെയൊരു പ്രതിഫലനം ഉത്തരാധുനിക ആദ്ധ്യാത്മികസർജ്ജനത്തിൽ കാണാമെന്ന്‌ തോന്നുന്നു- ഇങ്ങനെയൊരു അപഗ്രഥനം ഉണ്ടാകേണ്ടതാണ്‌. ക്ളീബാദിദോഷങ്ങളിൽ മാനസിക പ്രശ്നം പോലെയും ഔഷധപ്രയോഗംപോലെയും പ്രധാനപ്പെട്ടതാണ്‌ ആഹാരം; ആഹാരമെന്നത്‌ ഇതിൽ നിർണ്ണായകമാണെന്ന്‌ കരുതണം. പഴയകാലങ്ങളിൽ പറമ്പിൽനിന്ന്‌ തേങ്ങയിടുമ്പോൾ കൂട്ടത്തിൽ ഒന്നോ രണ്ടോ പേടുതേങ്ങയുണ്ടാകും; വെയിറ്റില്ലാത്തതാണ്‌; പൊളിച്ചുനോക്കിയാൽ നല്ല കാമ്പുണ്ടാവില്ല; അൽപം കാമ്പുണ്ടാകും. അതിന്‌ നല്ല മധുരമുണ്ടാകും. അത്‌ വൃദ്ധരായവർ കഴിക്കുന്നത്‌ കാണാം; കുട്ടികൾ ചെന്നുചോദിച്ചാൽ അവർ കൊടുക്കുകയേയില്ല; കഴിക്കേണ്ടെന്നുപറയും. കുട്ടികൾക്ക്‌ കൊടുക്കാത്തതുപോലെ പുതുതായി വിവാഹം കഴിച്ചവർക്കും കൊടുക്കില്ല; കഴിയ്ക്കരുതെന്ന്‌ പറയും. അവരുടെ ഭാഷയിൽ തുറന്നുപറയുകതന്നെ ചെയ്യും- `തിന്നാൽ പേടുപെറു`മെന്ന്‌. സാത്വികരായ കാരണവരാണെങ്കിൽ സൗമ്യമായി പറയും, `മക്കളെ ഇത്‌ കഴിയ്ക്കരുതെ`ന്ന്‌. അവർ കൊടുക്കുന്നത്‌, മൂത്ത കരിക്കായിരിക്കും. മൂത്ത കരിക്കിന്‌ വൃഷ്യശക്തി വളരെ കൂടുതലാണ്‌; വാജീകരണശക്തി വളരെ കൂടുതലാണ്‌. അതുകൊണ്ട്‌ പഴയകാലത്ത്‌ വീടുകളിൽ ചെന്നാൽ അരിവറുത്തതും അൽപം ശർക്കരയും മൂത്ത കരിക്കുംകൂട്ടി തിന്നുന്ന പതിവുണ്ടായിരുന്നു; ഈ ഏർപ്പാടാണ്‌ കേരളത്തിലെ `സംബന്ധ`ത്തിന്‌ ആക്കം കൂട്ടിയതെന്ന്‌ പരിശോധിക്കാവുന്നതാണ്‌- കുട്ടികൾ ധാരാളം ഉണ്ടാകാൻ പോന്നതാണ്‌ ഈ കരിക്ക്‌. അത്‌ വൃഷ്യമാണ്‌; വാജീകരണമാണ്‌- പേടുതേങ്ങ നേരെ വിരുദ്ധവുമാണ്‌. ഒരു ചക്ക മുറിക്കുമ്പോൾ അതിലെ `പേടുചുള` ഒഴിവാക്കിയാണ്‌ പഴയവർ പാകംചെയ്തിരുന്നത്‌. പഴുത്തമാങ്ങ തിന്നാനെടുക്കുമ്പോൾ അതിനകത്തെ കൊരട്ട(അണ്ടി, വിത്ത്‌) കാമ്പില്ലാത്തതാണെങ്കിൽ കുട്ടികൾക്ക്‌ അത്‌ കൊടുക്കാതെ അവർതന്നെ കഴിക്കും. അവർക്കറിയാമായിരുന്നു, കാമ്പില്ലാത്ത ഫലങ്ങൾ കഴിച്ചാൽ വിത്തുകുത്തിപ്പോകുമെന്ന്‌. ഇന്നുള്ളവർ കഴിക്കുന്ന പഴവർഗ്ഗങ്ങളിൽ, വിത്തില്ലാത്തവ കഴിക്കാനാണ്‌ കൂടുതൽ ഇഷ്ടപ്പെടുന്നത്‌- വിത്തില്ലാത്ത മുന്തിരി, ആപ്പിൾ, തണ്ണിമത്തൻ എന്നിവയും അന്തകവിത്തിട്ടുകിളിർപ്പിച്ച വെണ്ടയ്ക്ക, പാവയ്ക്ക എന്നിവയുമൊക്കെയാണ്‌ ഇന്നത്തെ മാതാപിതാക്കൾ മക്കളെ തീറ്റിക്കുന്നത്‌. കുരുവില്ലാത്ത ഒരു മുന്തിരിച്ചെടിക്ക്‌ കുരുവില്ലാതെ ഫലം തരാനുള്ള ഹോർമോൺ തളിക്കുന്നുണ്ട്‌. അങ്ങനെയുണ്ടായ മുന്തിരിയാണ്‌ ഒന്നരവയസ്സുമുതൽ കുട്ടികളെ തീറ്റിക്കുന്നത്‌. അവൻ വളർന്നുവരുമ്പോൾ ആ മുന്തിരിയിൽ നിക്ഷിപ്തമായ അതേ ഹോർമോൺ അവനിൽ പ്രവർത്തിക്കുന്നുണ്ട്‌; അവനിലെ ഹോർമോൺ ഇൻബാലൻസ്സായി അവന്റെ ബ്രെയിൻ കുട്ടിയുണ്ടാകാതിരിക്കാനുള്ള പ്രേരണചെലുത്തുന്നുണ്ട്‌. അങ്ങനെയവൻ വളർന്ന്‌ വിവാഹം കഴിച്ചാൽ കുട്ടിയുണ്ടാകാതെയുമിരിക്കും. അപ്പോഴാണ്‌ കുട്ടികളുണ്ടാകാൻ ഭാര്യയും ഭർത്താവും മാതാപിതാക്കളുമൊക്കെക്കൂടി മന്ത്രവാദം കഴിക്കുന്നതും സിദ്ധന്റെയടുക്കൽ പോകുന്നതും ഉരുളി കമിഴ്ത്തലിനുമൊക്കെ പോകുന്നതും. എന്നിട്ടും കുട്ടികളുണ്ടാകാത്തപ്പോഴാണ്‌, ആർട്ടിഫിഷ്യൽ ഇൻസിമിനേഷനിൽ മറ്റൊരുവന്റെ കുട്ടിയെ പ്രസവിച്ച്‌ ഇവർ സംതൃപ്തരാകാൻ വിധിയ്ക്കപ്പെടുന്നത്‌- ഇതറിയാവുന്നതുകൊണ്ടാണ്‌ പൂർവ്വികർ ഓരോ ആഹാര നിയന്ത്രണവും നടത്തിയിരുന്നത്‌; കന്യാവരണം തുടങ്ങിയവ ആചരിച്ചിരുന്നത്‌; ക്ളീബകരണത്തിന്‌ എതിരാണ്‌ കന്യാവരണം; മാനസികമായി അതിലേക്ക്‌ പതിക്കുന്നത്‌ തടയുന്നതിനാണ്‌ കന്യാവരണം- മാനസികമായി അതിനെ തടഞ്ഞാൽ, ഇതരവസ്തുക്കൾകൊണ്ടുവരുന്നതെല്ലാം തടയാനാകും; അതാണ്‌ കന്യാവരണത്തിന്റെ ലക്ഷ്യം.

 

Category(s): ശ്രുതി പഠനം
Tags: , , , , ,

Leave a Reply

Your email address will not be published. Required fields are marked *

*

 

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>